കോഴിക്കോട്: ഭൂട്ടാനില്‍നിന്നു സൈനികവാഹനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയ കേസില്‍ ഭൂരിഭാഗം വാഹനങ്ങളും കേരളത്തില്‍ ‘അപ്രത്യക്ഷമായതായി’ കസ്റ്റംസ്.
വാഹനങ്ങള്‍ കെവശമുള്ളവര് അത് ഒളിപ്പിക്കുകയോ കേരളത്തിനു പുറത്തേക്കു മാറ്റുകയോ ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.
140ലധികം ഭൂട്ടാന് വാഹനങ്ങള്‍ സംസ്ഥാനത്തുനിന്ന് ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കസ്റ്റംസിന്റെ ഓപ്പറേഷൻ നുമ്ഖോർ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരു ആഡംബര കാർകൂടി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് മുക്കത്തുനിന്നാണു വാഹനം പിടികൂടിയത്. ഇതുൾപ്പെടെ നാല്പതോളം വാഹനങ്ങളാണു സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്.
അതേസമയം, ഇരുനൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇവ കണ്ടെത്താൻ മോട്ടർ വാഹനവകുപ്പടക്കം മറ്റ് ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.